എന്റെ ഓർമ്മക്കുറിപ്പുകൾ
കഴിഞ്ഞ ദിവസം വീട്ടിൽ എന്തോ ഒരു സാധനം തിരഞ്ഞപ്പോൾ കിട്ടിയ 2 വർഷം മുൻപുള്ള ഒരു മനോരമ പത്രത്തിന്റെ മുൻ പേജ്,
ഈ വാർത്ത നമ്മളെ എല്ലാം ഞെട്ടിപ്പിച്ച ഒരു വാർത്ത ആയിരുന്നു.
സത്യത്തിൽ കോവിഡിന്റെ തനിനിറം മലയാളിക്ക് മുൻപിൽ തുറന്നു കാണിച്ച ദിനങ്ങൾ ആയിരുന്നു ആ ദിനങ്ങൾ. ആദ്യം കൊറോണ എന്ന് കേട്ടപ്പോൾ അതിന് മുൻപ് വന്ന നിപ്പ പോലെ ആയിരിക്കും എന്നാണ് കരുതിയത്.നിപ്പയെ ഒതുക്കിയത് പോലെ കോവിഡിനെയും ഒതുക്കാൻ കഴിയും എന്ന് വിചാരിച്ചു. എന്നാൽ അപ്പോഴേക്കും ലോകം മുഴുവൻ കോവിഡ് വ്യാപിച്ചു. മനുഷ്യന് ഒരു തരത്തിലും തടുക്കാൻ കഴിയാത്ത രീതിയിൽ കോവിഡ് താണ്ഡവമാടി.
എന്റെ അനുഭവ കുറിപ്പാണ് ഇവിടെ പങ്ക് വെക്കുന്നത്.
ആദ്യം കോവിഡ് എന്ന് കേട്ടപ്പോൾ എനിക്ക് വലിയ ഭയമായിരുന്നു.
പിന്നീട് എപ്പോഴോ ഞാൻ ഒരു വാർത്ത കണ്ടു കേരള സന്നദ്ധ സേനയെ കുറിച്ച്, എന്നാൽ അതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും അന്ന് ഇല്ലായിരുന്നു.
എവിടെയോ കണ്ട ഒരു ഫേസ്ബുക് പോസ്റ്റ് വഴി സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തു കഴിഞ്ഞു ഞാൻ കുറച്ചു ദിവസം കാത്തിരുന്നു എന്നെ ആരെങ്കിലും വിളിക്കുമോ എന്ന് വിചാരിച്ചു. പക്ഷേ ആരും വിളിക്കാതെ ആയപ്പോൾ എനിക്ക് മനസ്സിലായി ഞാൻ തന്നെ ഇറങ്ങണം എന്ന്,
അങ്ങനെ കളക്ടർ പേജ് വഴി കുറച്ചു പേരെ പരിചയപെട്ടു.
അങ്ങനെ എനിക്ക് ഫസ്റ്റ് ഡ്യൂട്ടി കിട്ടുന്നത് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു.
ഒരു ഞാറാഴ്ച ആയിരുന്നു. രാജ്യം മുഴുവനും അന്ന് അടച്ചിട്ട ആ ദിവസം, ട്രെയിനുകൾ ഒക്കെ ഓട്ടം നിർത്തിയ ആ ദിനം. അന്നത്തെ ആ ഡ്യൂട്ടി പോലീസുകാർക്ക് ഒപ്പമായിരുന്നു. ജീവിതത്തിൽ ആദ്യമായി പോലീസുകാർക്ക് ഒപ്പം ചേർന്ന് നിൽക്കാനുള്ള ഭാഗ്യം അന്ന് ലഭിച്ചു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സാറുമാർ ഒക്കെ വളരെ സ്നേഹത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്.
പക്ഷേ ആ ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയപടിയിൽ തന്നെ ആയി നമ്മൾ. ലോക്‌ഡൌൺ ആയി വീട്ടിൽ ഒതുങ്ങേണ്ടി വന്നു.
അങ്ങനെ വീണ്ടും വീട്ടിൽ നിന്നും ഇറങ്ങി ആദ്യം കുറച്ചു ദിവസം സപ്ലൈക്കോ കിറ്റ് പാക്കിങ്, അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഇരവിപേരൂർ പഞ്ചായത്തിന്റെ വിളി വന്നത്. അങ്ങനെ പഞ്ചായത്ത് വോളന്റീർ ആയി.
അങ്ങനെ ആദ്യ വിളി വന്നു ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടി ചെയ്യാൻ ഉള്ള ഒരു ചാൻസ്, ആദ്യം ഇത്തിരി പേടി ഉണ്ടായിരുന്നു എങ്കിലും നാട്ടിലെ ചില ചേട്ടന്മാർ പകർന്നു തന്ന ധൈര്യം കൊണ്ട് മുന്നോട്ട് ഇറങ്ങാൻ തീരുമാനിച്ചു.
സത്യത്തിൽ എന്റെ ജീവിതം മാറാൻ തുടങ്ങിയത് അന്ന് മുതലാണ്. മറ്റുള്ളവരിൽ നിന്ന് വേറിട്ട് ചിന്തിക്കിവാനുംപ്രവർത്തിക്കാനും ആരംഭിച്ചത്.
അങ്ങനെ ക്വാറന്റൈൻ സെന്ററിൽ 40 ദിവസത്തോളം ഉള്ള ഡ്യൂട്ടി. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനങ്ങൾ ആയിരുന്നു അത്. ഞാൻ പഠിച്ച സ്കൂളിൽ ആയതു കൊണ്ട് ആ ക്വാറന്റൈൻ സെന്റർ എനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ആ സ്കൂളിന്റെ പരിസരങ്ങളിൽ തന്നെ ആയിരുന്നു കൂടുതൽ സമയവും. വീട്ടിൽ പോകുന്നത് കുളിക്കുവാനും തുണി കഴുകുവാനും മാത്രമായിരുന്നു. വീടിനു പുറത്തു കുളിമുറി ഉണ്ടായിരുന്നതിനാൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല.
ഞാൻ പലപ്പോഴും ചിന്തിക്കും അന്നത്തെ എന്റെ അനുഭവങ്ങൾ എഴുതി വെക്കണമെന്ന്, എന്നാൽ ഇത് വരെ അതു സാധിച്ചിട്ടില്ല. ആ ക്വാറന്റൈൻ സെന്ററിൽ ഞാൻ പരിചയപ്പെട്ട ചില വ്യക്തികളെ ഇപ്പോഴും എനിക്ക് മറക്കാൻ കഴിയുന്നില്ല. പിന്നെ ഞങ്ങളുടെ ഇരവിപേരൂർ പഞ്ചായത്തിൽ എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ചെറുപ്പക്കാർ ഉണ്ടെന്ന് ഞാൻ അന്ന് മനസിലാക്കി.
സത്യത്തിൽ ഒരു ഇരവിപേരൂർ പഞ്ചായത്ത്കാരൻ എന്നതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. നാട് മുഴുവൻ കോവിഡിനെ പേടിച്ചു ഇരുന്നപ്പോൾ ഞങ്ങൾക്ക് പുറത്തു ഇറങ്ങാനും പ്രവർത്തിക്കാനുമുള്ള ധൈര്യം പകർന്നു തന്നത് ഞങ്ങളുടെ പഞ്ചായത്തും ചില നല്ലവരായ പാർട്ടി പ്രവർത്തകരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സാറുമാരും ആരോഗ്യപ്രവർത്തകരും ഒക്കെയായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് N.S.S ഇൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ക്വാറന്റൈൻ കാലം പോലെ ഒരു നല്ല കാലം എനിക്ക് അതിന് മുൻപ് ഉണ്ടായിട്ടില്ല.
ഇതു എന്റെ അനുഭവമാണ്. ഇനിയും എനിക്ക് എഴുതാൻ ഏറെയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ